ജിദ്ദ: സൗദി അറേബ്യയിൽ സ്ത്രീകൾക്കും സായുധസേനയിൽ ചേരാൻ പ്രതിരോധമന്ത്രാലയം അനുമതിനൽകി. സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്‌സ്, ആർമി ഫോഴ്‌സസ് മെഡിക്കൽ സർവീസസ് എന്നിവയിലാണ് സ്ത്രീകൾക്ക് അംഗമാകാവുന്നത്.

എല്ലാവരും നിർദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി പ്രവേശന നടപടികൾ പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർ 21-നും 40-നും ഇടയിൽ പ്രായവും 155 സെന്റി മീറ്റർ ഉയരവും ഉള്ളവരായിരിക്കണം. സർക്കാർ ഉദ്യോഗസ്ഥരാകാൻ പാടില്ല. സൗദിയിതര പൗരന്മാരെ വിവാഹം ചെയ്തവരെ സ്വീകരിക്കില്ല. കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസമെങ്കിലും വേണം. മന്ത്രാലയത്തിന്റെ പുതിയ നിയമന മാനദണ്ഡങ്ങളോട് സമ്മിശ്ര പ്രതികരണമാണുള്ളത്.

സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന ഒട്ടേറെ ഉത്തരവുകൾ അടുത്തകാലത്ത് സൗദി ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. യാത്രചെയ്യാനോ പാസ്പോർട്ട് ലഭിക്കാനോ പുരുഷ രക്ഷാധികാരികളുടെ അനുമതി ആവശ്യമില്ലായെന്നതാണ് ഇതിൽ പ്രധാനം. 2019-ലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം വന്നത്.

സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകുന്ന തൊഴിൽനിയമത്തിന് മന്ത്രിസഭ 2020-ൽ അംഗീകാരം നൽകിയിരുന്നു. തൊഴിലിടങ്ങളിൽ വേണ്ട സുരക്ഷയോടെ സ്ത്രീകൾക്ക് രാത്രിയിലും ജോലിചെയ്യാൻ അനുവാദമുണ്ട്. ഷോപ്പിങ് മാളുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം പുരുഷന്മാർ ചെയ്തിരുന്ന പല ജോലികളിലും ഇപ്പോൾ സ്ത്രീകൾക്ക് പ്രാതിനിധ്യമുണ്ട്. കൂടാതെ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശവും അനുവദിച്ചുനൽകിയിരുന്നു.

രക്ഷിതാവിന്റെ സമ്മതമില്ലാതെ പേരും വ്യക്തിഗത വിവരങ്ങളും മാറ്റാനുള്ള അവകാശവും ഇപ്പോൾ സ്ത്രീകൾക്കുണ്ട്. 2030-ഓടെ കൂടുതൽ വരുമാനം നേടാൻ പുതിയ തീരുമാനങ്ങൾവഴി സാധിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.