ബയ്റൂത്ത്: കിഴക്കൻ സിറിയയിൽ ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ 23 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഇറാൻ പിന്തുണയുള്ള സേനയുടെ ആസ്ഥാനങ്ങളും ആയുധഡിപ്പോകളും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിവോടെയാണ് അക്രമണങ്ങൾ നടന്നത്. ഇറാന്റെ ആണവപദ്ധതിക്ക് സഹായം നൽകുന്നതിൽ സിറിയൻ ആയുധഡിപ്പോകൾ പങ്കുവഹിക്കുന്നുണ്ടെന്ന് ഇസ്രായേൽ-യു.എസ്. രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. പ്രതിരോധ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
സിറിയ-ഇറാഖ് അതിർത്തിയിൽ ദാർ എൽ-സൂർ, മായദീൻ, ബൊകമൽ നഗരങ്ങൾ കേന്ദ്രീകരിച്ച് 18 ആക്രമണങ്ങളെങ്കിലും നടന്നതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഏഴ് സിറിയക്കാരും ബാക്കിയുള്ളവർ ഇറാൻ സൈനികരുമാണ്.
2020-ൽ സിറിയയിൽ ഇസ്രായേൽ 39 ആക്രമണങ്ങളാണ് നടത്തിയത്. ഇതിൽ 217 പേർ കൊല്ലപ്പെട്ടിരുന്നു. ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു അന്ന് ആക്രമണം നടത്തിയത്.