ദുബായ്: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ യു.എ.ഇ.യിൽ മുഖാവരണം ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചു. ചില പൊതു ഇടങ്ങളിൽ മുഖാവരണം ധരിക്കണമെന്ന നിബന്ധന നീക്കി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുഖാവരണം ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ആളുകൾ രണ്ട് മീറ്റർ സാമൂഹികഅകലം കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അധികൃതർ നിർദേശിച്ചിരിക്കുന്ന ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും മുഖാവരണം നിർബന്ധമാണ്. മുഖാവരണം നിർബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകൾ പ്രത്യേക സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും. കോവിഡിനെതിരായ പോരാട്ടത്തിൽ മുഖാവരണം ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമാണെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മുഖാവരണം വേണ്ടാത്തയിടങ്ങൾ

പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ.

ഒരേ വീട്ടിലെ അംഗങ്ങൾ അവരുടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ.

നീന്തൽക്കുളത്തിൽ പോകുന്നവർക്കും ബീച്ചിൽ പോകുന്നവർക്കും.

സലൂൺ, ബ്യൂട്ടി സെന്ററുകൾ, മെഡിക്കൽ സ്റ്റോറുകൾ.

ഓഫീസിലും മറ്റും തനിച്ചിരിക്കുന്ന സമയങ്ങളിൽ.