ന്യൂയോർക്ക്: ‘സെക്സ് ആൻഡ്‌ ദ സിറ്റി’ സീരീസിലെ പ്രകടനത്തോടെ ശ്രദ്ധേയനായ നടൻ വില്ലി ഗാർസൺ (57) അന്തരിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. മകൻ നാഥെനാണ് മരണം സ്ഥിരീകരിച്ചത്.

1998-ൽ സംപ്രേഷണമാരംഭിച്ച എച്ച്.ബി.ഒ. സീരീസായ സെക്സ് ആൻഡ്‌ ദ സിറ്റിയിലും പിന്നീട് ഇതേ പേരിൽ പുറത്തിറങ്ങിയ സിനിമയിലും സ്റ്റാൻഫോർഡ് ബ്ലാച്ച് എന്ന കഥാപാത്രത്തെ വില്ലി അവതരിപ്പിച്ചു. 75-ഓളം പരിപാടികളിലും മുന്നൂറോളം ടെലിവിഷൻ എപ്പിസോഡുകളിലും അഭിനയിച്ചു. 1986-ൽ പുറത്തിറങ്ങിയ ഡെലിബ്രേറ്റ് സ്‌ട്രെയ്ഞ്ചറാണ് ആദ്യ ചിത്രം. കഴിഞ്ഞവർഷം പുറത്തിറങ്ങിയ മാജിക് ക്യാന്പിലാണ് അവസാനമായി അഭിനയിച്ചത്.

സെക്സ് ആൻഡ് ദ സിറ്റിയിലെ സഹതാരങ്ങളടക്കം സിനിമാലോകത്തെ പ്രമുഖർ ഗാർസന്റെ വിയോഗത്തിൽ അനുശോചിച്ചു.