ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെയുണ്ടായ വർഗീയ ആക്രമണങ്ങളിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. അക്രമങ്ങൾക്കു പ്രേരിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് 36-കാരനായ ഇഖ്ബാൽ ഹുസൈനെയാണ് കോക്സസ് ബസാർ ജില്ലയിൽനിന്ന് അറസ്റ്റുചെയ്തത്.

ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെതുടർന്നാണ് അറസ്റ്റ്. എന്നാൽ ഹുസൈന് മാനസിക വൈകല്യമുണ്ടെന്നും ഇതു മറ്റു ചിലർ മുതലാക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. അതിനിടെ, സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഈമാസം 13-ന് കുമില്ല പട്ടണത്തിലെ ക്ഷേത്രത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. അക്രമികൾ 66 വീടുകൾ തകർക്കുകയും ഇരുപതോളം വീടുകൾക്ക് തീവെക്കുകയും ചെയ്തിരുന്നു. സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. പിന്നാലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ്‌ ഹസീന ഉത്തരവിടുകയായിരുന്നു.