മോസ്കോ: റഷ്യയിലെ റയാസാൻ മേഖലയിൽ വെടിമരുന്ന് നിർമാണഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീപ്പിടിത്തത്തിലും 16 പേർ മരിച്ചു. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് ലിസ്‌നോയി പട്ടണത്തിലെ എലാസ്തിക് ഫാക്ടറിയിൽ സ്ഫോടനമുണ്ടായത്. മോസ്കോയ്ക്ക് 270 കിലോമീറ്റർ തെക്കുകിഴക്ക് മാറിയാണിത്. 17 പേരാണ് സംഭവസമയം ഫാക്ടറിയിലുണ്ടായിരുന്നത്.

സ്ഫോടനത്തിൽ ഏഴുപേർ മരിക്കുകയും ഒമ്പതുപേരെ കാണാതാവുകയും ചെയ്തെന്നാണ് അധികൃതർ ആദ്യം അറിയിച്ചത്. എന്നാൽ, കാണാതായവരും മരിച്ചതായി പിന്നീട് വ്യക്തമാക്കുകയായിരുന്നു. നിർമാണപ്രക്രിയയിലുണ്ടായ പിഴവാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.