യാങ്കൂൺ: മ്യാൻമാറിൽ സൈനിക ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിൽ മാപ്പു നൽകി മോചിപ്പിച്ച തടവുകാരിൽ 110 പേരെ വീണ്ടും അറസ്റ്റുചെയ്തു. തിങ്കളാഴ്ചയാണ് രാജ്യത്ത് പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 5000-ത്തിലേറെപ്പേരെ മോചിപ്പിക്കുമെന്ന് സൈന്യം പ്രഖ്യാപിച്ചത്.

എന്നാൽ ഇവരിൽ 110 പേരെ വീണ്ടും അറസ്റ്റു ചെയ്തതായി പ്രാദേശിക നിരീക്ഷക സംഘടനയായ അസിസ്റ്റന്റ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് (എ.എ.പി.പി.) അറിയിച്ചു. ചിലർ വീട്ടിലെത്തിയ ഉടൻ വീണ്ടും അറസ്റ്റിലായി. മോചിപ്പിക്കുന്ന തടവുകാരുടെ പട്ടികയിലുൾപ്പെട്ട ചിലരെ ജയിലിന്റെ വാതിൽക്കൽവരെയെത്തിച്ചശേഷം അധിക കുറ്റങ്ങൾകൂടി ചുമത്തി വീണ്ടും ജയിലിൽ അടച്ചതായും എ.എ.പി.പി. ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പു നൽകിയവരെയാണ് വിട്ടയച്ചതെന്നായിരുന്നു റിപ്പോർട്ട്.

മ്യാൻമാറിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാത്തതിന്റെ പേരിൽ സൈനികമേധാവി മിൻ ആങ് ഹ്‌ലായിങ്ങിന് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു തടവുകാരെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം. ഫെബ്രുവരി ഒന്നിനാണ് അട്ടിമറിയിലൂടെ മ്യാൻമാറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തത്.