ഹെൽസിങ്കി: ലോകത്തെ ഏറ്റവുംസന്തോഷമുള്ള രാജ്യമായ ഫിൻലൻഡ് കുടിയേറ്റതൊഴിലാളികളെ തേടുന്നു. രാജ്യത്തെ തൊഴിലിടങ്ങളിൽ മതിയായ ജോലിക്കാരില്ലാത്തതാണ് കാരണം.

രാജ്യത്തെ പൊതുസംവിധാനങ്ങൾ നിലനിർത്തുന്നതിനും പെൻഷൻ കുടിശ്ശിക പരിഹരിക്കുന്നതിനും പ്രതിവർഷം 30,000 പേർ രാജ്യത്ത് എത്തിച്ചേരേണ്ടതുണ്ടെന്ന് സർക്കാർ മുന്നറിയിപ്പുനൽകുന്നു. സ്പെയിനിൽനിന്നും ആരോഗ്യവിദഗ്ധർ, സ്ലോവാക്യയിൽനിന്നും ലോഹതൊഴിലാളികൾ, ഇന്ത്യ, റഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽനിന്നും ഐ.ടി. ജീവനക്കാർ എന്നിവരെ രാജ്യത്തെത്തിക്കാൻ ആകർഷകമായ പദ്ധതികൾ തയ്യാറാക്കാൻ രാജ്യം ലക്ഷ്യമിടുന്നുണ്ട്. ജനസംഖ്യാനിയന്ത്രണനയങ്ങളാണ് ആഗോള സന്തോഷ സൂചികയിൽ വർഷങ്ങളായി ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിൻലൻഡിൽ പ്രതിസന്ധികൾക്ക് കാരണമായത്. 2030-ഓടെ രാജ്യത്തെ വാർധക്യ ആശ്രിത അനുപാതം 47.5 ആയി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമേ പുറത്തുനിന്നുള്ള തൊഴിലാളികളോടുള്ള എതിർപ്പും കുടിയേറ്റക്കാരോടുള്ള വിദ്വേഷവും പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നുണ്ട്.