ദുബായ്: പ്രവാസികൾക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതൽ യു.എ.ഇ. നീക്കി. യു.എ.ഇ. അംഗീകരിച്ച കോവിഷീൽഡ് (ആസ്ട്രസെനേക്ക) വാക്സിൻ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാർക്കാണ് ബുധനാഴ്ചമുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. എന്നാൽ, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കേരളത്തിൽ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആർ.ടി.പി.സി.ആർ.ഫലം കൈവശം വെക്കണം, പി.സി.ആർ. ഫലത്തിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർമുൻപുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാകണം, ഫലംവരുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യു.എ.ഇ. നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകൾ.

യു.എ.ഇ. അംഗീകരിച്ച സിനോഫാം, ഫൈസർ, സ്പുട്‌നിക് എന്നീ വാക്സിനുകൾ രണ്ടുഡോസും എടുത്ത് നാട്ടിൽപ്പോയവർക്കും 23 മുതൽ യു.എ.ഇ.യിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കോവാക്‌സിന് യു.എ.ഇ.യിൽ അംഗീകാരമില്ല. വാക്സിൻ സ്വീകരിക്കാത്തവർക്കും സന്ദർശക വിസക്കാർക്കും യു.എ.ഇ. പ്രവേശനവിലക്ക് തുടരും. യു.എ.ഇ. പൗരൻമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ക്വാറന്റീൻ ബാധകമല്ല.