സിഡ്‌നി: എലോൺ മസ്ക് നേതൃത്വംകൊടുക്കുന്ന സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് യൂണിറ്റായ സ്റ്റാർലിങ്ക് സെപ്റ്റംബറോടെ ലോകത്തെല്ലായിടത്തും ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി 1800 ഉപഗ്രഹങ്ങൾ ഇതുവരെ വിജയകരമായി വിക്ഷേപിച്ചു. അവ രണ്ടുമാസത്തിനുള്ളിൽ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ ലക്ഷ്യത്തിൽ എത്താനാവുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ, ചില രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കാനുള്ള നിയമതടസ്സം നിലനിൽക്കുന്നുണ്ടെന്ന് സ്റ്റാർലിങ്ക് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെൽ ചൊവ്വാഴ്ച പറഞ്ഞു.

ഇപ്പോൾ 11 രാജ്യങ്ങളിലാണ് സ്റ്റാർലിങ്ക് സേവനം നൽകുന്നത്. ഭാവിയിൽ സേവനപരിധി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1000 കോടി ഡോളർ ചെലവിൽ 12,000 ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ വേഗപരിധിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങൾക്ക് വേഗപരിധി കൂട്ടുന്നതിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള സ്പേസ് എക്സ് പദ്ധതിക്ക് യു.എസ്. ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ ഈ വർഷമാണ് അംഗീകാരം നൽകിയത്.