സിങ്കപ്പൂർ: സിങ്കപ്പൂരിൽ വീട്ടുജോലിക്കാരിയെ പട്ടിണിക്കിടുകയും ദിവസങ്ങളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സ്ത്രീക്ക് 30 വർഷം തടവുശിക്ഷ. വീട്ടുടമയായ ഗയ്യത്രി മുരുഗയ്യനാണ്(41) ശിക്ഷ ലഭിച്ചത്. മ്യാൻമാർ സ്വദേശിനിയായ വീട്ടുജോലിക്കാരി പിയാങ് എൻഗേയ് ദോൺ(24) 2016 ജൂണിലാണ് മരിക്കുന്നത്. മരണസമയത്ത്‌ 24 കിലോഗ്രാമേ ഭാരമുണ്ടായിരുന്നുള്ളൂ. 2015 മുതൽ പ്രതിയുടെ വീട്ടിൽ ജോലിനോക്കുകയായിരുന്ന പിയാങിനെ എല്ലാ ദിവസവും ഇവർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ ഇവരുടെ 61-കാരിയായ അമ്മയും കുറ്റകൃത്യത്തിൽ പങ്കാളിയായി. ഉറക്കവും ആഹാരവും പിയാങ്ങിന് നിഷേധിക്കപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പിയാങ്ങിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ തെളിവുലഭിച്ചത്. മാനസിക പിരിമുറുക്കമാണ് കുറ്റകൃത്യങ്ങളിലേക്ക്‌ നയിച്ചതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. അത്യന്തം നീചമായ നരഹത്യയെന്ന് കേസിനെ കോടതി വിശേഷിപ്പിച്ചു.