വാഷിങ്ടൺ: അമേരിക്കയിലെ ഡെൻവറിൽ തീപ്പിടിത്തമുണ്ടായ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിനു സമാനമായ എൻജിനുകളുള്ള ബോയിങ് 777 വിമാനങ്ങളിലെല്ലാം അടിയന്തരപരിശോധന നടത്തണമെന്ന് എഫ്.എ.എ. ഉത്തരവിട്ടു. ഇത്തരം വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തിവെക്കുകയാണെന്ന് എയർലൈൻസ് അറിയിച്ചു. ശനിയാഴ്ചയാണ് പറന്നുയർന്നശേഷം വിമാനത്തിന്റെ എൻജിനോടുചേർന്ന ഭാഗത്ത് തീപ്പിടത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഡെൻവെർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. തീപ്പിടിത്തത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ ഇളകി താഴെ വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 231 യാത്രക്കാരും 10 ജീവനക്കാരും സുരക്ഷിതരാണ്. തീ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
അതിനിടെ, നെതർലൻഡ്സിലെ മാസ്ട്രിച്ച്റ്റിൽ ശനിയാഴ്ച ബോയിങ് 747-400 ചരക്കുമാനത്തിന്റെ എൻജിൻ ഭാഗങ്ങൾ ഇളകിവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി. വിമാനം പറന്നുയർന്നയുടനുണ്ടായ സംഭവത്തിൽ ഒരു വനിതയ്ക്ക് പരിക്കേറ്റിരുന്നു.