ഹൂസ്റ്റൻ: തെക്കുകിഴക്കൻ യു.എസിൽ അതിശൈത്യം രൂക്ഷമായി തുടരുന്നു. മഞ്ഞുവീഴ്ച ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ടെക്സസിൽ ഞായറാഴ്ച മൈനസ് 18 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഞായറാഴ്ചത്തെ കണക്കുകളനുസരിച്ച് 12 ലക്ഷത്തോളം പേർക്ക് കുടിവെള്ളമില്ല. ദശലക്ഷക്കണക്കിനാളുകളാണ് വൈദ്യുതിയും ശുദ്ധജലവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുന്നത്. പൈപ്പുവെള്ളമടക്കം ഉറഞ്ഞുപോയതോടെ മഞ്ഞ് ശേഖരിച്ച് തിളപ്പിച്ചാണ് ആളുകൾ കുടിവെള്ളം കണ്ടെത്തുന്നത്. വൈദ്യുതി നിലച്ചതും ഇന്ധനം ലഭിക്കാത്തതും കുടിവെള്ളമുണ്ടാക്കാൻ വെല്ലുവിളിയായിട്ടുണ്ട്. 35 ലക്ഷം കുപ്പിവെള്ളം ഹെലിക്കോപ്റ്റർ, വിമാനം, ട്രക്ക് എന്നീ മാർഗങ്ങളിലൂടെ ഇവിടെ വിതരണം ചെയ്തിട്ടുണ്ട്. അതിനിടെ വൈദ്യുതി ബിൽ കുത്തനെ കൂടിയത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി.
ടെക്സസിലെ സ്ഥിതിയെ വൻദുരന്തമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതൽ ഫെഡറൽ സഹായധനം ലഭിക്കും. യു.എസിലുടനീളം 60-ഓളം പേരാണ് അതിശൈത്യത്തിൽ ഇതുവരെ മരിച്ചത്. ടെക്സസിൽ മാത്രം 30 പേർ മരിച്ചു.
ടെക്സസിലെ അതിശൈത്യത്തിന് കാരണം
: യു.എസ്-കാനഡ അതിർത്തിക്ക് തൊട്ടു മുകളിലായുണ്ടായ ‘ശീതവായു സ്ഫോടനമാണിതിനു കാരണമെന്ന് യു.എസ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.ഡബ്ല്യു.എസ്.) പറയുന്നു. സാധാരണഗതിയിൽ ആർട്ടിക് പ്രദേശത്താണ് ഇതുപോലുള്ള വായു സ്ഫോടനങ്ങളുണ്ടാവാറ്്. ശീതകാല മഞ്ഞുവീഴ്ചയും താപനില ക്രമാതീതമായി കുറയാൻ കാരണമായി.