ദുബായ്: ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടിയതോടെ ഗൾഫ് രാജ്യങ്ങൾ ജാഗ്രത കൂടുതൽ കടുപ്പിച്ചു. കോവിഡ് പരിശോധനാഫലത്തിന്റെ കാലാവധിയിൽ മാറ്റം വരുത്തിയും വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുനീങ്ങുന്നത്.

യു.എ.ഇയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പും പരിശോധനയും കാര്യക്ഷമമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ആശങ്കയുണ്ടാക്കുന്നവിധം ഇന്ത്യയിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാൻ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24-ന് ശനിയാഴ്ച വൈകീട്ട് ആറ് മണിമുതലാണ് നിരോധനം നിലവിൽ വരിക. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് തീരുമാനമെന്ന് ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്കുണ്ട്.

ഖത്തറിൽ എത്തുന്ന മുഴുവൻ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാക്കി. ആ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനിടെ സർക്കാർ അംഗീകൃത കേന്ദ്രത്തിൽനിന്നായിരിക്കണം പരിശോധന നടത്തേണ്ടത്. ഏപ്രിൽ 25-ന് പുതിയ ഉത്തരവ് പ്രാബല്യത്തിലാവും. ക്വാറന്റീൻ വ്യവസ്ഥകളിലും ഖത്തർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ വിവരങ്ങൾ കുവൈത്ത് ഇന്ത്യൻ എംബസി ശേഖരിക്കുന്നതായാണ് വിവരം. തുടർനടപടികൾ സ്വീകരിക്കുന്നതിനായാണിത്.