കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ വ്യാഴാഴ്ച പുലർച്ചെ 3.20-ഓടെയുണ്ടായ ഭൂകമ്പത്തിൽ 22 പേർ മരിച്ചു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 300-ലേറെപ്പേർക്ക് പരിക്കുണ്ട്. നൂറിലേറെ വീടുകൾ തകർന്നു. ബലൂചിസ്താനിലെ ഹർണയിക്കുസമീപമാണ് പ്രഭവകേന്ദ്രം. ക്വെറ്റ, സിബി, പിഷിൻ, ക്വില, സയ്ഫുള്ള, ചാമാൻ, സിയാറത്, ഷോബ് തുടങ്ങിയ പ്രദേശങ്ങളെയും ഭൂചലനം ബാധിച്ചു.

ആറുകുട്ടികളും മരിച്ചു. പരിക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബലൂചിസ്താൻ മുഖ്യമന്ത്രി ജാം കമാൽഖാൻ അലിയാനി പറഞ്ഞു. 2013 സെപ്റ്റംബറിൽ പ്രവിശ്യയിലെ ആവരാൻ ജില്ലയിലുണ്ടായ ഭൂചലനത്തിൽ 825 പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.