ഇസ്‌ലാമാബാദ്: പാകിസ്താൻ ദക്ഷിണ സിന്ധ് പ്രവിശ്യയിലെ പോലീസ് മേധാവി മുഷ്താഖ് അഹമ്മദ് മഹറിനെ തട്ടിക്കൊണ്ടുപോയി എഫ്.ഐ.ആറിൽ ബലപ്രയോഗത്തിലൂടെ ഒപ്പിടുവിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കറാച്ചിയിലെ പോലീസുദ്യോഗസ്ഥർ കൂട്ടഅവധിയിൽ പ്രവേശിക്കുമെന്ന് ഭീഷണിമുഴക്കി. സൈന്യത്തിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള അന്വേഷണം പൂർത്തിയായ ശേഷമേ ജോലിയിൽ പ്രവേശിക്കൂവെന്നാണ് ഇവരുടെ നിലപാട്. സിന്ധ് മുഖ്യമന്ത്രിയും പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവുമായ സയ്യിദ് മുരാദ് അലി ഷായും ഐ.ജി. മുഷ്താഖ് മഹർ ഉൾപ്പെടെ 16 ഉന്നത പോലീസുദ്യോഗസ്ഥരും സൈന്യത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ അവധിക്കുള്ള അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യക്ഷാമം, വിലക്കയറ്റം, രാഷ്ട്രീയത്തിലെ സൈനിക ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാകിസ്താനിലെ 11 പ്രതിപക്ഷപ്പാർട്ടികളുടെ നേതൃത്വത്തിൽ ഇമ്രാന്റെ രാജിയാവശ്യപ്പെട്ട് ദേശീയതലത്തിൽ പ്രതിഷേധങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവമെന്നത് ഇമ്രാനെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്.

പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ കറാച്ചിയിലെ ശവകുടീരത്തിലേക്കുള്ള സന്ദർശനത്തിനിടെ രാഷ്ട്രീയമുദ്രാവാക്യം മുഴക്കിയതിന്റെ പേരിൽ ചൊവ്വാഴ്ചയാണ് സഫ്ദർ അവാനെ പോലീസ് അറസ്റ്റുചെയ്തത്. സിന്ധ് ഹൈക്കോടതിയിൽനിന്ന് അവാൻ പിന്നീട് ജാമ്യം നേടുകയുംചെയ്തു.