കൊളംബോ: പ്രസിഡന്റിന്റെ അധികാരപരിധി ഉയർത്തുന്ന അഞ്ച് ഭരണഘടനാഭേദഗതികളിലുള്ള അഭിപ്രായവോട്ടെടുപ്പ് ചർച്ച ശ്രീലങ്കൻ പാർലമെന്റിൽ ബുധനാഴ്ച ആരംഭിച്ചു. സെപ്റ്റംബർ രണ്ടിനാണ് സർക്കാർ, പ്രസിഡന്റിന്റെ അധികാരപരിധി ഉയർത്തുന്നതിനുള്ള ഭരണഘടനാഭേദഗതി 20എ മുന്നോട്ടുവെച്ചത്. 2015-ൽ അവതരിപ്പിച്ച 19-ാം ഭേദഗതിക്ക് പകരമായാണ് പുതിയ നിയമനിർമാണം.

ഇതിനെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 20 എ പ്രകാരമുള്ള നിയമനിർമാണം ഭരണഘടനാ വിരുദ്ധമല്ലെന്ന് നിരീക്ഷിച്ച കോടതി മൂന്ന്, അഞ്ച്, 14, 22 തുടങ്ങിയവയിൽ പാർലമെന്റിൽ അഭിപ്രായവോട്ടെടുപ്പ് ആവശ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കോടതിയുടെ ഉത്തരവുപ്രകാരമാണ് നിയമസഭാ സ്പീക്കർ മഹീന്ദ യാപ അബേവർധന ചൊവ്വാഴ്ച ഭരണഘടനാഭേദഗതിയിന്മേൽ രണ്ടുദിവസത്തെ ചർച്ച അനുവദിച്ചത്. വ്യാഴാഴ്ച രാത്രി 7.30-നാണ് വോട്ടെടുപ്പ്. ഭേദഗതി അംഗീകരിക്കില്ലെന്ന് പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗായ (എസ്.ജെ.ബി.) വക്താവ് രഞ്ജിത്ത് മദ്ദുമ ബന്ദാര പറഞ്ഞു.

ഭരണഘടനയിൽ നിർദേശിച്ച മാറ്റം പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ സ്ഥാനത്തെയും അധികാരങ്ങളെയും ദുർബലപ്പെടുത്തുമെന്നും മന്ത്രിമാരുൾപ്പടെയുള്ളവരുടെ അധികാരം കുറയുമെന്നും ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിൾസ് പാർട്ടിയുടെ (എസ്.എൽ.‌പി.‌പി.) അനുഭാവികളായ മൂന്ന് ബുദ്ധസന്ന്യാസിമാർ വെള്ളിയാഴ്ച രാജപക്സയ്ക്ക് അയച്ച കത്തിൽ പറയുന്നു.