കാബൂൾ: അഫ്ഗാനിസ്താനിൽ രാജ്യം വിടാനുള്ള വിസ ലഭിക്കുന്നതിനായി പാക് കോൺസുലേറ്റിൽ കാത്തുനിന്ന ആളുകൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 സ്ത്രീകൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ഫുട്‌ബോൾ സ്റ്റേഡിയത്തിനുള്ളിൽ ക്രമീകരിച്ച പാക് കോൺസുലേറ്റിൽ പതിനായിരക്കണക്കിനുപേർ തടിച്ചുകൂടിയതാണ് അപകടത്തിലേക്കു നയിച്ചത്. നംഗർഹാർ പ്രവിശ്യയിലെ പാകിസ്താൻ കോൺസുലേറ്റ് എട്ടുമാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച ഉദ്യോഗസ്ഥർ സ്റ്റേഡിയം ഉപയോഗിക്കാൻ തീരുമാനിക്കുകയും 320 ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തുകയുമായിരുന്നു.

യുദ്ധത്തിൽനിന്നും സാമ്പത്തികപ്രശ്നങ്ങളിൽനിന്നും രക്ഷനേടാൻ ദശലക്ഷക്കണക്കിന് അഫ്ഗാൻകാരാണ് ഇതുവരെ പാകിസ്താനിലേക്ക് പലായനം ചെയ്തത്. സൗഹൃദ വിസ പോളിസി അംഗീകരിച്ചുകൊണ്ട് പാകിസ്താൻ അതിർത്തി തുറന്നതോടെ ഒരാഴ്ചയ്ക്കിടെ 19,000 വിസ വിതരണം ചെയ്തതായി കാബൂളിലെ പാക് നയതന്ത്രകാര്യാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം വടക്കൻ അഫ്ഗാനിസ്താനിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ 34 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ അമേരിക്കയുമായി കരാർ ഒപ്പുവെച്ചശേഷം അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ സമാധാനചർച്ചകൾ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണിത്.