ദുബായ്: കോവിഷീൽഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് യു.എ.ഇ.യിലെത്താൻ തടസ്സമില്ലെങ്കിലും റാപ്പിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന യാത്ര മുടക്കുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ. 48 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം ഹാജരാക്കുന്നതിനുപുറമെ വിമാനത്താവളത്തിലെത്തിയാൽ വീണ്ടും റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് യു.എ.ഇ. യുടെ നിബന്ധന. എന്നാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിലവിൽ ഇതിന് സൗകര്യമില്ല എന്നതാണ് പ്രധാന തടസ്സം. ട്രൂനാറ്റ് ടെസ്റ്റ് നിലവിൽ യു.എ.ഇ. അംഗീകരിച്ചിട്ടുമില്ല. യു.എ.ഇ. യിലെ പല പ്രവാസി സംഘടനകളും കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരു ഡോസ് വാക്സിൻ നാട്ടിൽനിന്ന് എടുത്തവർക്ക് രണ്ടാംഡോസ് എടുക്കാൻ ദുബായിൽ അവസരമൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൂടാതെ യാത്രാവിലക്ക് നീങ്ങിയതോടെ വിമാനക്കമ്പനികൾ പ്രവാസികളിൽനിന്ന് അധിക ടിക്കറ്റുനിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.

പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. അതിനിടെ വിമാനത്താവളങ്ങളിൽ പ്രത്യേക ലാബ് സൗകര്യങ്ങളും മറ്റുമുപയോഗിച്ച് എളുപ്പത്തിൽ ഫലം ലഭ്യമാക്കാവുന്ന സംവിധാനത്തെപ്പറ്റിയും സർക്കാർ ചർച്ചതുടങ്ങിയിട്ടുണ്ട്. ആശങ്ക നിലനിൽക്കുന്നതിനാൽ, ചില വിമാനക്കമ്പനികൾ ആരംഭിച്ച ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചെന്നും വിവരമുണ്ട്. അതിനിടെ ഇന്ത്യയിൽ വിതരണംചെയ്യുന്ന കോവിഷീൽഡും അസ്ട്രാസെനക്കയും ഒന്നാണെന്ന് ദുബായ് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഔദ്യോഗികമായി അറിയിച്ചു. യു.എ.ഇ. അംഗീകരിച്ച സിനോഫാം, ഫൈസർ, സ്പുട്‌നിക് എന്നീ വാക്സിനുകൾ രണ്ടുഡോസും എടുത്ത് നാട്ടിൽ പോയവർക്കും 23 മുതൽ യു.എ.ഇ. യിലേക്ക് മടങ്ങിവരാം. വിസാ കാലാവധി കഴിഞ്ഞ് ഒട്ടേറെപ്പേരാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്.