ജറുസലേം: ചരിത്രംകുറിച്ച് ഇസ്രയേൽ വിദേശകാര്യമന്ത്രി യായിർ ലാപിഡ് ജൂൺ 29, 30 തീയതികളിൽ യു.എ.ഇ. സന്ദർശിക്കും. ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കാൻ സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായശേഷം യു.എ.ഇ. സന്ദർശിക്കുന്ന ആദ്യ ഉന്നതലമന്ത്രിയായിരിക്കും ലാപിഡ്. യു.എ.ഇ. വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുള്ള ബിൻ സെയ്ദ് അൽ-നഹ്യാൻ ലാപിഡിനെ സ്വീകരിക്കും.

അബുദാബിയിലെ ഇസ്രയേൽ നയതന്ത്രകാര്യാലയവും ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇസ്രയേലും ലാപിഡ് ഉദ്ഘാടനംചെയ്യും. ഇസ്രയേലും യു.എ.ഇ.യും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഫലം ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് മാത്രമല്ല, പശ്ചിമേഷ്യ മുഴുവനും ലഭിക്കുമെന്നും ലാപിഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞകൊല്ലം അമേരിക്കൻ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യു.എ.ഇ., ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം സ്ഥാപിക്കാൻ ഇസ്രയേൽ കരാറൊപ്പിട്ടത്.