ഹോങ് കോങ്: ഹോങ്‌ കോങ്ങിലെ ജനാധിപത്യാനുകൂല ദിനപത്രമായ ആപ്പിൾ ഡെയ്‌ലിക്ക് ദിവസങ്ങൾക്കുള്ളിൽ താഴുവീണേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാനിയമപ്രകാരം പത്രക്കമ്പനിയുടെ സ്വത്തുക്കൾ അധികൃതർ മരവിപ്പിച്ചതാണ് പ്രവർത്തനം നിർത്താൻ കാരണമെന്ന് തടവിൽക്കഴിയുന്ന ഉടമ ജിമ്മി ലായിയുടെ ഉപദേശകൻ മാർക്ക് സൈമണിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾ പ്രവർത്തിക്കാനുള്ള പണംകൂടിയേ അവശേഷിക്കുന്നുള്ളൂവെന്ന് പത്രം നേരത്തേ പ്രതികരിച്ചിരുന്നു. ഹോങ് കോങ്ങിലെ ഏറ്റവും ജനപ്രിയപത്രമാണ് 26 വർഷം പഴക്കമുള്ള ആപ്പിൾ ഡെയ്‌ലി.

വെള്ളിയാഴ്ച ചേരുന്ന കമ്പനിയുടെ ഭരണസമിതി പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചാൽ ശനിയാഴ്ചമുതൽ പ്രസിദ്ധീകരണം നിൽക്കും. മാസാവസാനംവരെ പ്രവർത്തിക്കാനാവുമെന്നാണ് കരുതുന്നതെന്നും കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മാർക്ക് പറഞ്ഞു. നേരത്തേ പത്രത്തിന്റെ അഞ്ച്‌ എഡിറ്റർമാരടക്കം ഒട്ടേറെ മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.