അബുദാബി: ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു. ഇത്തവണ റഷ്യയെ പുറത്താക്കിക്കൊണ്ടാണ് അബുദാബി സാംസ്‌കാരിക ടൂറിസംവകുപ്പ് (ഡി.സി.ടി.) പട്ടിക പരിഷ്‌കരിച്ചത്. റഷ്യയിൽ കോവിഡ്കേസുകൾ വർധിച്ചതിനെത്തുടർന്നാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയത്.

ജൂൺ 13-ന് യു.കെ., താജിക്കിസ്താൻ എന്നീ രാജ്യങ്ങളെയും പട്ടികയിൽനിന്ന് പുറത്താക്കിയിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച മാൾട്ടയെ പട്ടികയിൽ പുതുതായി ചേർക്കുകയും ചെയ്തു. നിലവിൽ യു.എ.ഇ.യിൽനിന്ന് മാൾട്ടയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്ല. എന്നാൽ, ജൂലായിൽ ലർനാക്ക വഴി മാൾട്ടയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

അസർബൈജാൻ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ക്യൂബ, ജർമനി, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്‌ലൻഡ്, ഇസ്രയേൽ, ജപ്പാൻ, കിർഗിസ്താൻ, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, മൊറോക്കോ, ന്യൂസിലൻഡ്, പോർച്ചുഗൽ, സൗദി അറേബ്യ, സിങ്കപ്പൂർ, ദക്ഷിണകൊറിയ, സ്പെയിൻ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ, ചൈന, യു.എസ്. ഉസ്‌ബെക്കിസ്താൻ തുടങ്ങി നിലവിൽ 27 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഗ്രീൻലിസ്റ്റിലുള്ള രാജ്യക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ നടപടികളില്ല. എന്നാൽ, ഇവർ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാകണം.

കോവിഡ് സാഹചര്യങ്ങളിലെ അന്താരാഷ്ട്ര പുരോഗതി അനുസരിച്ചാണ് ഗ്രീൻലിസ്റ്റ് പുതുക്കുന്നത്. ഗ്രീൻപട്ടികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.visitabudhabi.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. പട്ടികയെയും യാത്രാസ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങൾ ഡി.സി.ടി. അബുദാബി പങ്കുവെക്കും. ഇന്ത്യ ഇതുവരെയും ഗ്രീൻലിസ്റ്റിലില്ല.