ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ വിനോദപരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസംവകുപ്പ് താത്‌കാലികമായി നിർത്തിവെച്ചു. വ്യാഴാഴ്ച ട്വിറ്ററിലൂടെ ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ആരോഗ്യവകുപ്പുമായി ടൂറിസംവകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും. മൂന്നാഴ്ചക്കിടെ കോവിഡ് സുരക്ഷാനിയമങ്ങൾ പാലിക്കാതിരുന്നതിന് 20 സ്ഥാപനങ്ങളാണ് അധികൃതർ അടപ്പിച്ചത്. കൂടാതെ 200-ഓളം കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബായിൽ കൂടുതൽ കരുതലെന്നും വിനോദപരിപാടികൾക്കുള്ള അനുമതി താത്‌കാലികമായി റദ്ദാക്കുന്നതെന്നും മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.
യു.എ.ഇ.യിൽ കഴിഞ്ഞ ദിവസങ്ങളിൽ ദിവസേന 3000-ത്തിനുമേൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാഴാഴ്ച പുതുതായി 3529 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 3901 പേർ രോഗമുക്തിനേടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗം സ്ഥിരീകരിച്ച 267258 പേരിൽ 239170 പേരും രോഗമുക്തി നേടി. ആകെ മരണം 766 ആയി. നിലവിൽ 27170 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പുതുതായി നടത്തിയ 163285 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.4 കോടി കോവിഡ് പരിശോധനകൾ രാജ്യത്ത് പൂർത്തിയായി.