ന്യൂയോർക്ക്: തന്നിലർപ്പിച്ച വിശ്വാസത്തിന് അമ്മ ശ്യാമളാ ഗോപാലന് നന്ദി അറിയിച്ച് യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സത്യപ്രതിജ്ഞയ്ക്കുശേഷം വെർച്വലായി സംഘടിപ്പിച്ച ചടങ്ങിലാണ് യു.എസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് മരിച്ചുപോയ അമ്മയുടെ ഓർമകൾ പങ്കുെവച്ചത്.

“ഇന്ത്യയിൽനിന്നു അമേരിക്കയിലേക്ക് കുടിയേറിയ അമ്മ തന്നെയും സഹോദരിയെയും ആദ്യത്തെയാളായില്ലെങ്കിലും അവസാനത്തെയാളാകരുതെന്ന ബോധ്യത്തോടെയാണ് വളർത്തിയത്. എന്നിലുള്ള അമ്മയുടെ തുടർച്ചയായ വിശ്വാസമാണ് ഈ നിമിഷത്തിനു കാരണം” -അവർ പറഞ്ഞു. ഐക്യ അമേരിക്ക എന്ന ആശയത്തെ മുൻനിർത്തിയാകും പ്രവർത്തിക്കുകയെന്നും കമല കൂട്ടിച്ചേർത്തു.

ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ തനിക്കു വഴികാട്ടികളായ സ്ത്രീകൾക്ക് കമല ആദരം അർപ്പിക്കുന്നുണ്ട്. അവകാശങ്ങൾക്കായി പോരാടിയ സ്ത്രീകളെയാണ് താൻ പ്രതിനിധാനംചെയ്യുന്നതെന്നും അവർ പറഞ്ഞു.