വാഷിങ്ടൺ: ജോർജിയയിൽനിന്നുള്ള രണ്ടംഗങ്ങൾകൂടി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തതോടെ യു.എസ്. സെനറ്റിൻറെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിക്ക്. സെനറ്റിൽ 50-50 എന്ന നിലയിലാണ് കക്ഷി നില. എന്നാൽ, സെനറ്റിനെ നിയന്ത്രിക്കുന്ന വൈസ് പ്രസിഡൻറ് കമലാ ഹാരിസിന്റെ വോട്ടുകൂടി ആകുന്നതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലാകും കാര്യങ്ങൾ.

കാലിഫോർണിയയിൽനിന്നുള്ള മുൻ സെനറ്റ് അംഗംകൂടിയായ കമലാ ഹാരിസ് വൈസ് പ്രസിഡന്റായി ചുമതലയേറ്റശേഷം സെനറ്റിന്റെ അധ്യക്ഷത വഹിച്ചപ്പോളാണ് ഡെമോക്രാറ്റിക് പ്രതിനിധികളായ ജോൺ ഓസ്സോഫും റാഫേൽ വാർനോക്കും സത്യപ്രതിജ്ഞചെയ്തത്. ജനപ്രതിനിധിസഭയിൽ നേരത്തേ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിരുന്നു. നിർണായകതീരുമാനങ്ങൾ നടപ്പാക്കാൻ ഇത് ബൈഡനെ സഹായിക്കും.