ജനീവ: ആരും പരിഭ്രാന്തരാകേണ്ടാ, എല്ലാരാജ്യങ്ങൾക്കും കോവിഡ് വാക്സിൻ ഉറപ്പാക്കുമെന്ന് ലോകാരോഗ്യസംഘടന. ഡബ്ല്യു.എച്ച്.ഒ.യുടെ സാമൂഹികമാധ്യമ തത്സമയപരിപാടിയിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയങ്കേല സിമാവോയാണ് ഇക്കാര്യം അറിയിച്ചത്. 50 രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ പ്രചാരണപരിപാടികൾ ആരംഭിച്ചതായും അവർ അറിയിച്ചു.

അഞ്ച് വാക്സിൻനിർമാണകമ്പനികളുമായി സഹകരിച്ച് 200 കോടി വാക്സിനുകൾ ലോകത്താകമാനം വിതരണംചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. പ്രചാരണത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ 20 ശതമാനത്തോളംപേർക്ക് ഈ വർഷാവസാനത്തോടെ വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

ഫൈസർ-ബയോൻ‌ടെക് വാക്സിനുമാത്രമാണ് അടിയന്തര ഉപയോഗത്തിന് ഡബ്ല്യു.എച്ച്.ഒ. അനുമതി നൽകിയിട്ടുള്ളത്. ഇവ സൂക്ഷിച്ചുവെക്കുന്നതിന് ഉയർന്നരീതിയിലുള്ള ശീതീകരണസംവിധാനം ആവശ്യമാണ്. അതിനാൽ പലരാജ്യങ്ങളിലും കുത്തിവെപ്പിന് പ്രായോഗികതടസ്സം നിലനിൽക്കുന്നതായി ഡബ്ല്യു.എച്ച്.ഒ.യിലെ ഗവേഷക മേധാവി സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണത്തിൽ കൂടുതൽ വാക്സിനുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതായും അവർ വ്യക്തമാക്കി.