കൊളംബോ: ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് കപ്പലിനോട് ഉടൻ തുറമുഖം വിടാൻ ശ്രീലങ്ക ആവശ്യപ്പെട്ടു. കപ്പലിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ചൈനയിലേക്ക് പോകുകയായിരുന്ന കപ്പൽ സാങ്കേതികത്തകരാറുകൾ കാരണം ഹംബൻടോട്ടയിൽ നങ്കൂരമിടുകയായിരുന്നു.

ആണവോർജനിലയങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. റേഡിയോ ആക്ടീവ് വസ്തുക്കളുണ്ടെന്ന് കപ്പലധികൃതർ വെളിപ്പെടുത്തിയിരുന്നില്ലെന്ന് രാജ്യത്തെ ആണവോർജവിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥനായ അനിൽ രഞ്ജിത്ത് പറഞ്ഞു. ചൈനയിലെ മർച്ചന്റ്സ് പോർട്ട് ഹോൾഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

ഹംബൻടോട്ട തുറമുഖസുരക്ഷയുടെ ചുമതലയുള്ള ശ്രീലങ്കൻ നാവികസേന കപ്പൽ പരിശോധിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പാർലമെന്റിൽ ആരോപിച്ചു.