വാഷിങ്ടൺ: യു.എസിലെ ഒഹായോവിൽ പോലീസ് നടപടിക്കിടെ കറുത്ത വർഗക്കാരിയായ കൗമാരക്കാരി വെടിയേറ്റുമരിച്ചു. ഒഹായോവിലെ കൊളംബസ് നഗരത്തിലാണ് സംഭവം. പതിനാറുകാരിയായ മാഖിയ ബ്രയാന്റാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫ്ളോയ്ഡ് വധക്കേസ് വിധിപ്രഖ്യാപനം വരുന്നതിന് ഒരുമണിക്കൂർ മുമ്പായിരുന്നു സംഭവം.

കത്തിയുമായി മറ്റൊരാളെ ആക്രമിക്കുന്നതിനിടെയാണ് വെടിവെച്ചതെന്ന് സിറ്റി പോലീസ് മേധാവി മൈക്കിൾ വുഡ്സ് പ്രതികരിച്ചു. എന്നാൽ, സമാധാനത്തെ പിന്തുണച്ചിരുന്നവളായിരുന്നു മാഖിയയെന്ന് അമ്മ പൗലാ ബ്രയാന്റ് വ്യക്തമാക്കി.

വെടിവെച്ച ഉദ്യോഗസ്ഥന്റെ ദേഹത്തിലെ ക്യാമറയിൽ പതിഞ്ഞ രംഗങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കത്തിയെന്ന് തോന്നിപ്പിക്കുന്ന ആയുധം ഉപയോഗിച്ച് പെൺകുട്ടി മറ്റൊരാളെ ആക്രമിക്കുന്നതും പിന്നാലെ വെടിയേറ്റ് മൈതാനത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ അടുത്തുനിന്ന്‌ കത്തി കണ്ടെടുക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. കത്തിയാക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്നുകാട്ടി ചൊവ്വാഴ്ച വൈകുന്നേരം അടിയന്തരപ്രതികരണ വിഭാഗത്തിലേക്കുവന്ന ഫോൺകോളിൻറെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് വുഡ്സ് വ്യക്തമാക്കി. സംഭവത്തിൽ, ആഫ്രിക്കൻ വംശജരോട് സുതാര്യത പുലർത്തേണ്ടതുണ്ടെന്നും ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ വൈകാതെ നൽകുമെന്നും വുഡ്സ് വ്യക്തമാക്കി. ഹൃദയം തകർക്കുന്ന സംഭവമാണുണ്ടായതെന്ന് കൊളംബസ് മേയർ ആൻഡ്രു ജിന്തർ പ്രതികരിച്ചു.