മോസ്കോ: റഷ്യയിൽ പ്രതിപക്ഷനേതാവ് അലെക്സി നവൽനിയുടെ സെയ്‌ന്റ് പീറ്റേഴ്സ്ബർഗിലെ ഓഫീസുകളിൽ തിരച്ചിൽ നടത്തിയ പോലീസ് അദ്ദേഹത്തിന്റെ അനുയായികളെ അറസ്റ്റുചെയ്തു. നവൽനിയുടെ വക്താവ് കിറ യാർമിഷിനെയും അടുത്ത അനുയായി ല്യുബോവ് സോബോളിനെയുമാണ് ബുധനാഴ്ച പുലർച്ചെ അറസ്റ്റുചെയ്തത്. നവൽനിയുെട ഓഫീസ് ‘ട്വിറ്ററി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോസ്കോയിലെ ജയിലിൽ നിരാഹാരം തുടരുന്ന നവൽനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ 100 നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണിത്.

റാലി നിയമവിരുദ്ധമാണെന്നുകാട്ടി പിന്മാറാൻ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, രാജ്യത്തെ 20 നഗരങ്ങളിൽ തിരച്ചിൽ നടന്നതായാണ് വിവരം. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനുമുന്നോടിയാണ് തിരച്ചിലുകളെന്ന് അധികൃതർ വിശദീകരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നവൽനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ പതിനായിരത്തിലധികംപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ജയിലധികൃതർ ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ച് നവൽനി നടത്തുന്ന നിരാഹാരം മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. നവൽനിയുടെ ആരോഗ്യം മോശമാവുകയാണെന്നും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പുനൽകിയിരുന്നു.