മിനിയാപോളിസ്: യു.എസിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചുകൊന്ന കേസിൽ ഡെറെക് ചൗവിനെന്ന പോലീസുകാരൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. വെള്ളക്കാരനായ ചൗവിന്റെ പേരിൽ കൊലപാതകം, നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മിനിയാപോളിസ് കോടതിയിലെ ആറുവെള്ളക്കാരും ആറു കറുത്തവംശജരും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ചൗവിന് 40 കൊല്ലംവരെ തടവ്‌ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. വിധിപ്രഖ്യാപനം വന്നതോടെ ഫ്ളോയ്ഡിന്റെ കുടുംബാംഗങ്ങൾ കോടതിക്കുപുറത്ത് പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പങ്കിട്ടു. അതേസമയം, വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ചൗവിന്റെ അഭിഭാഷകൻ അറിയിച്ചു. 2020 മേയ് 25-നാണ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകളുപയോഗിച്ചെന്നാരോപിച്ചാണ് ഫ്ളോയ്ഡിന്റെ കഴുത്തിൽ ഡെറെക് ചൗവിൻ അഞ്ചുമിനിറ്റോളം കാലുകൊണ്ട് ഞെരിച്ചത്.