മോസ്കോ: റഷ്യൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ യുണൈറ്റഡ് റഷ്യ പാർട്ടി മുന്നിൽ. വോട്ടെടുപ്പിൽ വ്യാപകക്രമക്കേടുണ്ടായെന്ന് മുഖ്യപ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗെന്നഡി ഷ്യുഗനോവ് ആരോപിച്ചു. സ്വതന്ത്രനിരീക്ഷകരും ഇതു ശരിവെച്ചു. മൂന്നുദിവസം നീണ്ടുനിന്ന വോട്ടെടുപ്പ് ഞായറാഴ്ച വൈകുന്നേരമാണ് പൂർത്തിയായത്. 90 ശതമാനം വോട്ട്‌ എണ്ണിത്തീർന്നപ്പോൾ 50 ശതമാനം വോട്ട്‌ പുതിന്റെ പാർട്ടി നേടി. കമ്യൂണിസ്റ്റ്‌ പാർട്ടിക്ക് 20 ശതമാനം വോട്ട് ലഭിച്ചു. പാർലമെൻറിന്റെ അധോസഭയായ ദ്യുമയിലെ 450 സീറ്റിൽ 300-ഉം നേടിയതായി യുണൈറ്റഡ് റഷ്യ പാർട്ടിയുടെ മുതിർന്ന നേതാവ് ആന്ദ്രെ തുർഷാക് അവകാശപ്പെട്ടു.

എന്നാൽ, കഴിഞ്ഞതവണത്തെ ജയം ആവർത്തിക്കാൻ പുതിന്റെ പാർട്ടിക്ക് കഴിയില്ലെന്നാണ് സൂചന. 2016-ലെ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യക്ക് 54 ശതമാനം വോട്ടാണ് ലഭിച്ചത്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടുവിഹിതത്തിൽ കഴിഞ്ഞ തവണത്തെക്കാൾ എട്ടുശതമാനം വർധനയുണ്ടായി. നേരത്തേ മുഖ്യ എതിരാളിയായിരുന്ന അലെക്സി നവൽനിയെ പുതിൻ ജയിലിലടച്ചിരുന്നു. ഭീകരസംഘടനയായി മുദ്രകുത്തി നവൽനിയുടെ പാർട്ടി നിരോധിക്കുകയും ചെയ്തു.

പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് കഴിഞ്ഞകൊല്ലം നടത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ രണ്ടുതവണകൂടി ഭരണത്തിൽ തുടരാനുള്ള അവസരം പുതിൻ നേടിയെടുത്തിരുന്നു.