കിഗാലി: ഓസ്കർ നാമനിർദേശം ലഭിച്ച ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാൺഡ’യ്ക്ക് പ്രചോദനമായ ഹോട്ടൽ മാനേജരും സർക്കാർവിമർശകനുമായ പോൾ റൂസെസബാഗിന ഭീകരവാദക്കേസിൽ കുറ്റക്കാരൻ. 2018-ൽ സാധാരണക്കാരെ വധിച്ച വിമതസൈന്യത്തിനു റൂസെസബാഗിന സഹായം നൽകിയെന്ന് കോടതി കണ്ടെത്തി. എന്നാൽ, അദ്ദേഹത്തിന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാൺഡയെ ചോരക്കളമാക്കിയ 1994-ലെ വംശഹത്യക്കാലത്ത് ആയിരത്തിലേറെപ്പേർക്ക് അഭയം നൽകിയാണ് റൂസെസബാഗിന ശ്രദ്ധേയനായത്. നൂറുദിവസത്തോളം നീണ്ട വംശഹത്യയിൽ തുത്സി ഗോത്രവിഭാഗത്തിലെ എട്ടുലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

ഇതിനെ ആസ്പദമായൊരുക്കിയ ചിത്രത്തിൽ അമേരിക്കൻ നടൻ ഡോൺ ഷീഡിലാണ് റൂസെസബാഗിനയുടെ വേഷമിട്ടത്. 2005-ൽ സിനിമ പുറത്തിറങ്ങിയതോടെ താരപദവി ലഭിച്ച റൂസെസബാഗിന പ്രസിഡന്റ് പോൾ കാഗമേയ്‌ക്കുനേരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിദേശത്ത് അഭയംപ്രാപിച്ച അദ്ദേഹം പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വവും ഏറ്റെടുത്തു. 2018-ൽ സഖ്യത്തിന്റെ സായുധവിഭാഗമായ ദേശീയ ലിബറേഷൻ ഫ്രണ്ട്(എഫ്.എൽ.എൻ.) നടത്തിയ ആക്രമണങ്ങളിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ സഹായം നൽകിയെന്നാരോപിച്ച് കഴിഞ്ഞകൊല്ലമാണ് റൂസെസബാഗിനയെ അറസ്റ്റുചെയ്തത്.