ലോസ് ആഞ്ജലിസ്: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രം പ്രമേയമായ ‘ദ ക്രൗൺ’ പരമ്പര ഇക്കൊല്ലത്തെ മികച്ച ടെലിവിഷൻ പരിപാടികൾക്കുള്ള എമ്മി പുരസ്കാരം തൂത്തുവാരി. മികച്ച പരമ്പര, സംവിധായകൻ, നടൻ, നടി, രചന എന്നവയ്ക്കുള്ള പുരസ്കാരങ്ങൾ ക്രൗണിനു ലഭിച്ചു.

എലിസബത്ത് രാജ്ഞിയെ അവതരിപ്പിച്ച ഒലിവിയ കോൾമാൻ ആണ് നടി. ചാൾസ് രാജകുമാരന്റെ വേഷമിട്ട ജോഷ് ഒകോണർ ആണ് നടൻ.

ക്രൗണിന്റെ സംവിധായിക ജെസിക്ക ഹോബ്‌സ് മികച്ച സംവിധായികയായി. രചനയ്ക്കുള്ള പുരസ്കാരം പീറ്റർ മോർഗനും കരസ്ഥമാക്കി.

മികച്ച സഹതാരത്തിനുള്ള ആൺ-പെൺ പുരസ്‌കാരങ്ങളും ക്രൗൺ സ്വന്തമാക്കി. ഫിലിപ്പ് രാജകുമാരനെ അവതരിപ്പിച്ച തോബിയാസ് മെൻസീസാണ് മികച്ച സഹനടൻ. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറായി വേഷമിട്ട ഗില്ലിയൻ ആൻഡേഴ്‌സൺ ആണ് മികച്ച സഹനടി.

ടെസ് ലാസോയാണ് മികച്ച ഹാസ്യപരമ്പര. ജേസൺ സുഡെയ്കിസാണ് ഹാസ്യനടൻ. ജീൻ സ്മാർട്ട് ഹാക്ക്സ് നടിയായി.

ഹാസ്യവിഭാഗത്തിൽ ലൂസിയ അനീലോ മികച്ച സംവിധായകനായി. രചനയ്ക്കുള്ള പുരസ്കാരം പോൾ ഡബ്ല്യു ഡൗൺസ്, ജെൻ സ്റ്റാറ്റ്‌സ്‌കൈ എന്നിവർക്കൊപ്പം ലൂസിയ അനീലോ പങ്കിടുകയുംചെയ്തു. ലോസ് ആഞ്ജലിസിലെ എൽ.എ. ലൈവ് എന്റർറ്റെയ്‌ൻമെന്റ് കോംപ്ലക്സിലാണ് പുരസ്കാരച്ചടങ്ങ്.