വാഷിങ്ടൺ: 2024-ലെ യു.എസ്. തിരഞ്ഞെടുപ്പിലും ഡൊണാൾഡ് ട്രംപ്‌തന്നെ പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ നാലിൽ മൂന്നും ആഗ്രഹിക്കുന്നതെന്ന് സർവേഫലം. കണറ്റിക്കട്ടിലെ സ്വകാര്യ സർവകലാശാലയായ ക്യുന്നിപിയാക് നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 78 ശതമാനം പേരാണ് ട്രംപിനെ അനുകൂലിച്ചത്. മേയിൽ ഇത്‌ 66 ശതമാനമായിരുന്നു.

എന്നാൽ, ഭൂരിഭാഗം അമേരിക്കക്കാർക്കും ട്രംപിനോട് എതിർപ്പാണ്. 2016-ൽ പ്രസിഡന്റ് സ്ഥാനത്തെത്തിയതുമുതൽ ട്രംപ് അമേരിക്കൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും അഭിപ്രായപ്പെട്ടു.

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി കുറയുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നുണ്ട്.