ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബുധനാഴ്ച രാവിലെ പട്ടാളക്കാർ സഞ്ചരിച്ച ബസിൽ ഘടിപ്പിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് 14 പേർ മരിച്ചു. പ്രാദേശികസമയം രാവിലെ ഏഴു മണിയോടെയാണ് സ്ഫോടനമുണ്ടായത്.

റോഡിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബസിനകത്ത് സ്ഥാപിച്ചിരുന്ന രണ്ടു ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ബസിൽനിന്നും തെറിച്ചുവീണ മൂന്നാമത്തെ ബോംബ് സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

2017-നുശേഷം നഗരത്തിലുണ്ടാകുന്ന പ്രധാന ആക്രമണമാണ്. അന്നു നീതിന്യായ കാര്യാലയത്തിലും റെസ്റ്റോറന്റിലും ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ പക്കലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിച്ച സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയുടെയും ഇറാന്റെയും സൈനികസഹായത്തോടെയാണ് ഭരണത്തിൽ തുടരുന്നത്.