ബ്രസീലിയ: കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായതിന് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെപേരിൽ നരഹത്യ ഉൾപ്പെടെ 13 ക്രിമിനൽക്കുറ്റങ്ങൾ ചുമത്തി അന്വേഷണറിപ്പോർട്ട്. ബൊൽസൊനാരോയുടെ നടപടികൾ രോഗവ്യാപനം വർധിക്കുന്നതിനും ആറുലക്ഷത്തോളംപേരുടെ മരണത്തിനും കാരണമായതായി സെനറ്റർ റീനെൻ കാൽഹെയ്‌റോസ് തയ്യാറാക്കിയ അന്വേഷണറിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കെതിരായി ബൊൽസൊനാരോ പ്രവർത്തിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പൊതുമൂലധനത്തിന്റെ ക്രമവിരുദ്ധമായ ഉപയോഗം, കുറ്റകൃത്യങ്ങൾക്ക് പ്രേരണനൽകൽ, സ്വകാര്യരേഖകൾ വ്യാജമായി ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും അദ്ദേഹത്തിനുമേൽ ചുമത്തിയിട്ടുണ്ട്. അടുത്തയാഴ്ച ചേരുന്ന സെനറ്റ് യോഗം റിപ്പോർട്ട് വോട്ടിനിടും.

അന്വേഷണം തമാശയാണെന്നും അതേക്കുറിച്ച് ആശങ്കയില്ലെന്നും ബൊൽസൊനാരോ നേരത്തേ പ്രതികരിച്ചിരുന്നു.