കൊളംബോ: എൽ.ടി.ടി.ഇ.യുടെ സ്മരണപുതുക്കുന്ന ചടങ്ങുകൾക്ക് ശ്രീലങ്കയിൽ നിരോധനം ഏർപ്പെടുത്തി. വാവുനിയ, മാന്നാർ മജിസ്ട്രേറ്റ് കോടതികളുടേതാണ് നടപടി. മുപ്പതുവർഷത്തിലധികം നീണ്ട രക്തരൂഷിത ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട എൽ.ടി.ടി.ഇ.ക്കാരുടെ സ്മരണകളുണർത്തുന്ന ചടങ്ങുകൾ നടത്തുന്നവർക്കെതിരേ നിയമാനുസൃതം നടപടിയെടുക്കുമെന്ന് ശ്രീലങ്കൻ പോലീസ് വക്താവ് അജിത് രോഹാന പറഞ്ഞു. അത്തരം പരിപാടികളിൽനിന്ന് പിൻതിരിയാൻ ആവശ്യപ്പെട്ട് 13 പേർക്ക് പ്രത്യേകം നോട്ടീസ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയിൽ സ്വതന്ത്ര രാജ്യത്തിനായി ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ നേതൃത്വത്തിൽ സർക്കാരുമായി മൂന്നുദശാബ്ദത്തോളമാണ് സായുധപോരാട്ടം നടത്തിയത്. 2009-ൽ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇ.യെ പൂർണമായും കീഴ്പെടുത്തി. 2009 വരെ നവംബർ 26-ന് സ്ഥാപകനേതാവായ വേലുപ്പിള്ള പ്രഭാകരന്റെ പിറന്നാൾ എൽ.ടി.ടി.ഇ. ആഘോഷിച്ചിരുന്നു. ആ ദിവസമാണ് വേലുപ്പിള്ള പ്രഭാകരൻ എൽ.ടി.ടി.ഇ.യുടെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നത്. യുദ്ധം അവസാനിച്ചശേഷവും നവംബർ 26-ന് തമിഴ് രാഷ്ട്രീയനേതാക്കൾ നവംബർ 26-ന് ദീപം തെളിയിക്കൽ ചടങ്ങ് നടത്തിയിരുന്നു.

ആഭ്യന്തരയുദ്ധത്തിൽ ഒരുലക്ഷത്തിലധികം പേർ മരിച്ചതായാണ് ശ്രീലങ്കൻ സർക്കാർ നൽകുന്ന കണക്ക്. 20,000-ലധികം പേരെ കാണാതായി. അന്തിമയുദ്ധത്തിൽ ശ്രീലങ്കൻ സൈന്യം നടത്തിയ മനുഷ്യാവകാശലംഘനങ്ങൾ അന്താരാഷ്ട്രതലത്തിൽ അന്വേഷിക്കണമെന്ന് യു.എൻ. മനുഷ്യാവകാശ സംഘടനയടക്കം ആവശ്യപ്പെട്ടിരുന്നു.