കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ ശക്തിയുറപ്പിക്കുന്നതിനിടെ പ്രതിരോധമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സൈനികമേധാവിയെയും പ്രസിഡന്റ് അഷ്റഫ് ഗനി സ്ഥാനത്തുനിന്ന് നീക്കി. പകരം പുതിയ മന്ത്രിമാരെ ചുമതലയേൽപ്പിച്ചു.

താലിബാനുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാജീവനക്കാർ വ്യാപകമായി മരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏറെനാൾ വിദേശത്ത് ചികിത്സയിൽ കഴിഞ്ഞശേഷം അടുത്തിടെ തിരികെ വന്ന പ്രതിരോധമന്ത്രി അസദുല്ല ഖാലിദിനെ മാറ്റി ബിസ്‌മില്ലാ ഖാൻ മുഹമ്മദിയെ താത്കാലിക ചുമതലയേൽപ്പിച്ചു. ഹയത്തുല്ല ഹായത്തിനെ മാറ്റി അബ്ദുൾ സത്താൻ മിർസാക്‌വാലയെ പുതിയ ആഭ്യന്തരമന്ത്രിയായും നിയമിച്ചു. ജനറൽ വാലി മുഹമ്മദ് അഹമ്മദ്‌സായിയാണ് പുതിയ സൈനികമേധാവി. യു.എസ്. സൈന്യം പൂർണമായും അഫ്ഗാൻ വിടാനാരംഭിച്ചശേഷം 30-ഓളം ജില്ലകളാണ് ഇതുവരെ താലിബാൻ പിടിച്ചെടുത്തത്. രാജ്യത്തെ 34-ൽ 28 പ്രവിശ്യകളിലും സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.

‘കളങ്കമറ്റ ഇസ്‌ലാമിക് സംവിധാനത്തിനേ’ സമാധാനം കൊണ്ടുവരാനാവൂ -താലിബാൻ

സമാധാനചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ, കളങ്കമറ്റ ഒരു ഇസ്‌ലാമിക സംവിധാനത്തിനു മാത്രമേ രാജ്യത്ത് സമാധാനം സ്ഥാപിക്കാനാവൂവെന്നും താലിബാൻ. മതചട്ടങ്ങളും സംസ്കാരവുമൊത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന ഇസ്‌ലാമിക സംവിധാനമാണ് രാജ്യത്ത് വരേണ്ടതെന്ന് താലിബാന്റെ രാഷ്ട്രീയവിഭാഗം തലവൻ മുല്ല അബ്ദുൾ ഗനി ബരാദർ പറഞ്ഞു. വിദേശശക്തികളുടെ പിന്മാറ്റത്തോടെ ഏതുരീതിയിലുള്ള ഭരണമാണിവിടെ നടപ്പാക്കുകയെന്ന ചോദ്യമാണ് ലോകം ഉയർത്തുന്നത്. ഇസ്‌ലാം മതപ്രകാരവും അഫ്ഗാൻ സമൂഹത്തിന്റെ പാരമ്പര്യവുമൊത്ത് സ്ത്രീകളും ന്യൂനപക്ഷങ്ങളും സംരക്ഷിക്കപ്പെടുമെന്നും ബരാദർ പറഞ്ഞു.