ബെയ്ജിങ്: അന്താരാഷ്ട്രതലത്തിൽ കോവിഡ് പ്രതിരോധ കുത്തിവപ്പ് നടത്തുന്നതിൽ ചൈന മുന്നിൽ. 140 കോടിയോളം വരുന്ന ജനസംഖ്യയുടെ 40 ശതമാനത്തോളം പേർക്കും രണ്ട് ഡോസ് വാക്സിനുകളും ലഭ്യമാക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. 100 കോടി ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ചൈനസർക്കാർ അവകാശപ്പട്ടു. വിവിധ രാജ്യങ്ങളിലായി ആഗോളതലത്തിൽ നൽകിയ വാക്സിനുകളുടെ മൂന്നിലൊന്നുവരുമിത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡോസ് നൽകേണ്ട സിനോഫാം, സിനോവാക് വാക്സിനുകളാണ് ജനങ്ങൾക്ക് നൽകിയത്. തെക്കൻ പ്രവിശ്യയായ ഗുവാങ്ഡോങ്ങിൽ ഡെൽറ്റ വകഭേദം വ്യാപിച്ചപ്പോൾ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയെന്നും 10 കോടി ഡോസ് നൽകാൻ അഞ്ച് ദിവസമേ എടുത്തുള്ളൂവെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ പറയുന്നു.