ടെൽഅവീവ്: നിയുക്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ആണവനിലപാടുകൾക്കെതിരേ അന്താരാഷ്ട്രസമൂഹം കരുതിയിരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റ് മുന്നറിയിപ്പുനൽകി. ക്രൂരമായ തൂക്കിക്കൊല്ലലുകൾക്ക് പിന്നിൽ പ്രവർത്തിച്ച നിയുക്തഭരണകൂടം ആണവായുധങ്ങൾ നിർമിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് തീവ്രവലതുപക്ഷക്കാരനായ റെയ്സിയെ അടുത്ത ഇറാൻ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഓഗസ്റ്റിലാണ് സ്ഥാനമേൽക്കുക. ഇറാന്റെ ആപത്കരമായ ഉദ്ദേശ്യമാണ് റെയ്സി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയ വക്താവ് ലയോർ ഹായത് ട്വിറ്ററിൽ കുറിച്ചു. 1980-കളിൽ നിയമം മറികടന്ന് രാഷ്ട്രീയ തടവുകാരായ 30,000-ത്തോളം പേരെ വധശിക്ഷയ്ക്കു വിധിച്ചതിന് അന്താരാഷ്ട്രസമൂഹം അദ്ദേഹത്തെ തള്ളിപ്പറഞ്ഞതാണെന്നും ഹായത് ആരോപിച്ചു.