ലിമ: ഇടതുചിന്താഗതിക്കാരനും ഗ്രാമീണ സ്കൂൾ അധ്യാപകനുമായിരുന്ന പെഡ്രോ കാസ്റ്റിലോയെ പെറുവിൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. വലതുപക്ഷ നേതാവ് കീകോ ഫുജിമോറിയെ 44,000 വോട്ടിനാണ് പെഡ്രോ പരാജയപ്പെടുത്തിയത്. ഒരു മാസത്തിലേറെനീണ്ട വോട്ടെണ്ണലിനുശേഷമാണ് തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിച്ചത്. 40 വർഷത്തിനിടയിൽ വോട്ടെണ്ണൽ ഇത്രയും നീളുന്നത് ഇതാദ്യമായാണ്. പെഡ്രോയുടെ വിജയം തിരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെതന്നെ ഏതാണ്ട് ഉറപ്പിച്ചിരുന്നു. സോഷ്യലിസവും മാർക്സിസവും ലെനിനിസവും പിന്തുടരുന്ന പെറു ലീബ്രേ പാർട്ടിയുടെ നേതാവാണ്‌ അദ്ദേഹം. പെറുവിൽ ഇനി പാവപ്പെട്ടവരുണ്ടാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു മുദ്രാവാക്യം. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടെയും ഒറ്റക്കെട്ടായ പ്രവർത്തനം വേണമെന്ന് വിജയിച്ചശേഷം അദ്ദേഹം പ്രതികരിച്ചു. അഞ്ചുവർഷ കാലാവധിയുള്ള പ്രസിഡന്റ് സ്ഥാനം ജൂലായ് 28-ന് അദ്ദേഹം ഏറ്റെടുക്കും.