ദുബായ്: പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനുള്ള ജെബൽ അലി ഡൽഹി പബ്ലിക് സ്‌കൂളിലെ (ഡി.പി.എസ്.) നൈപുണ്യ വികസനകേന്ദ്രം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി വിപുൽ, ഡി.പി.എസ്. സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികൾക്ക് കംപ്യൂട്ടർ അനുബന്ധ മേഖലകളിലും അറബി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നൽകാനുള്ള ക്ലാസുകളും നൈപുണ്യ വികസന കേന്ദ്രത്തിലുണ്ടാകും. കഴിവുകൾ വർധിപ്പിക്കാൻ മുന്നോട്ടുവരുന്ന തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. കോവിഡ് മഹാമാരിയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാം. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ യോഗ്യത, തൊഴിൽ നൈപുണ്യം അടിസ്ഥാനമാക്കി തൊഴിൽ ആവശ്യങ്ങൾക്ക് അനുസൃതമായുള്ള ഡേറ്റാബേസ് തയ്യാറാക്കുന്ന സ്‌കിൽഡ് വർക്കേഴ്‌സ് അറൈവൽ ഡേറ്റാബേസ് പദ്ധതിയെക്കുറിച്ച് മന്ത്രി തൊഴിലാളികളോട് വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയം ദേശീയ നൈപുണ്യവികസന മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ എല്ലാ തൊഴിലാളികളും നന്നായി പരിശീലനം നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11-ന് അജ്മാനിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പീപ്പിൾ ഫോറം കാര്യാലയം വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് ചടങ്ങ്. അജ്മാൻ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ശൈഖ് മാജിദ് ബിൻ സയ്യിദ് അൽ നുഐമി ചടങ്ങിൽ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് ഒരു മണിക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (പി.ബി.എസ്.കെ.) ആപ്പ് പുറത്തിറക്കും. ശേഷം സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.