വാഷിങ്ടൺ: റോബേർട്ട് ഫ്രോസ്റ്റിന്റെയും മായാ ആഞ്ജലോയുടെയും പാത പിന്തുടർന്ന് യു.എസ്. പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ ഇത്തവണ കവിതയവതരിപ്പിക്കുന്നത് 22-കാരിയായ അമാൻഡ ഗോർമാൻ. ഈ ചടങ്ങിൽ കവിതയെഴുതി അവതരിപ്പിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാകും ഇതോടെ അമാൻഡ. യു.എസ്. ചരിത്രത്തിൽ സ്ഥാനാരോഹണച്ചടങ്ങിൽ കവിത പാടുന്ന ആറാമത്തെ വ്യക്തിയും. അമേരിക്കൻ ദേശീയ ഐക്യത്തെ സൂചിപ്പിക്കുന്ന കവിതയ്ക്ക് ‘ദ ഹിൽ വീ ക്ലൈമ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. യു.എസ്. കാപ്പിറ്റോൾ കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തെ നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും കവിതയിൽ അതിന്റെ സൂചനകൾ അമാൻഡ നൽകുന്നുണ്ട്. ‘പങ്കുവെക്കേണ്ടതിനുപകരം നമ്മുടെ രാഷ്ട്രത്തെ തകർക്കുന്ന ഒരുശക്തിയെ നമ്മൾ കണ്ടു, ജനാധിപത്യം വൈകിയാലും അത് എന്നന്നേക്കുമായി തകർക്കാനാവില്ല’ എന്നുതുടങ്ങുന്ന വരികൾ കവിതയിലുണ്ട്. അമേരിക്കയിൽ നിലവിലുള്ള പ്രശ്നങ്ങൾ മായ്ച്ചുകളയാനാവില്ലെന്നും മുറിവുകൾ ഉണങ്ങുമെന്നാണ് പ്രതീക്ഷയെന്നും അമാൻഡ മാധ്യമങ്ങൾക്കുനൽകിയ അഭിമുഖത്തിൽ പറഞ്ഞു.