ലണ്ടൻ: ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വീണ്ടും 142-ാം സ്ഥാനത്ത്. ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നിവയ്ക്കൊപ്പം മാധ്യമപ്രവർത്തകർ ഏറ്റവും അപകടം പിടിച്ച സാഹചര്യത്തിൽ ജോലിചെയ്യുന്ന രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ കണക്കാക്കിയിരിക്കുന്നത്. നോർവേയാണ് മാധ്യമസ്വാതന്ത്ര്യത്തിൽ ഒന്നാംസ്ഥാനത്ത്. ഫിൻലൻഡ് രണ്ടാമതും. ഏറ്റവും പിന്നിൽ എറിത്രിയയും. പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്.) എന്ന സംഘടനയാണ് 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടിക വ്യാഴാഴ്ച പുറത്തുവിട്ടത്. 2020-ലെ സൂചികയിലും ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു.

2019-ൽ രണ്ടാംതവണ മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മാധ്യമങ്ങളെ സർക്കാർ അനുകൂലമാക്കാനുള്ള സമ്മർദം ഏറിയതായി റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വിമർശനം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ട് വിമർശിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ മറയാക്കി മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതായും കശ്മീരിൽ പോലീസിൽനിന്നുൾപ്പെടെ മാധ്യമപ്രവർത്തകർ അപമാനം നേരിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2016-ൽ 133-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം പിന്നീട് തുടർച്ചയായി ഇടിയുകയായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നേപ്പാൾ 106-ാം സ്ഥാനത്താണ്. ശ്രീലങ്ക (127), പാകിസ്താൻ (145), ബംഗ്ലാദേശ് (152) എന്നിങ്ങനെയാണ് മറ്റു ഏഷ്യൻ രാജ്യങ്ങളുടെ സ്ഥാനം. പട്ടികയിലുള്ള 73 ശതമാനം രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുകയാണെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

പത്രസ്വാതന്ത്ര്യം- ആദ്യ അഞ്ചുരാജ്യങ്ങൾ

1 നോർവേ

2 ഫിൻലൻഡ്

3 ഡെൻമാർക്ക്

4 സ്വീഡൻ

5 കോസ്റ്ററീക്ക

അവസാന അഞ്ചുരാജ്യങ്ങൾ

180 എറിത്രിയ

179 ഉത്തരകൊറിയ

178 തുർക്ക്മെനിസ്താൻ

177 ചൈന

176 ജിബൂട്ടി

175 വിയറ്റ്നാം