യുണൈറ്റഡ് നേഷൻസ്: കോവിഡിനു പുറമേ കടുത്ത ചൂടും 2020-ൽ ലോകത്തിന് വെല്ലുവിളിയുയർത്തിയതായി രാജ്യാന്തര കാലാവസ്ഥാനീരിക്ഷണ സംഘടന(ഡബ്ല്യു.എം.ഒ.). ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട വർഷങ്ങളിൽ മൂന്നാംസ്ഥാനമാണ് 2020-നുള്ളത്. 2016-നാണ് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം 2019-നാണ്.

സമുദ്രത്തിലെ ഊഷ്മാവ് താഴുന്ന പ്രതിഭാസമായ ലാനിനയുണ്ടായിട്ടും 2020-ൽ ശക്തമായ ചൂട് അനുഭവപ്പെട്ടതായി ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ പീറ്ററി ടാലാസ് ചൂണ്ടിക്കാട്ടി.

2020-ലെയും 2016-ലെയും താപനില സമാനമായിരുന്നുവെന്നും ലാനിന പ്രതിഭാസമാണ് താപനിലയിൽ നേരിയ കുറവിന് കാരണമായതെന്നും പീറ്ററി പറഞ്ഞു. കഴിഞ്ഞവർഷം അവസാനമാരംഭിച്ച പ്രതിഭാസം 2021 പകുതി വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016-ന് സമാനമായ വർഷങ്ങളാണ് വരാനിരിക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. താപനില വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ഭൂമിയിലെ ജീവനുകൾക്ക് ഭീഷണിയുയർത്തുന്നതുമാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.