വാഷിങ്ടൺ: യു.എസ്. പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ശനിയാഴ്ച നടത്തിയ റാലി പോലീസ് തടഞ്ഞു. ജനുവരി ആറിന് കാപ്പിറ്റോളിനുനേരെയുണ്ടായ അക്രമത്തിലെ പ്രതികൾക്ക് പിന്തുണയറിയിച്ചാണ് വീണ്ടും റാലി സംഘടിപ്പിച്ചത്.

സംഘർഷസാധ്യത കണക്കിലെടുത്ത് കാപ്പിറ്റോളിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ, 700 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും 200-ഓളം പ്രതിഷേധക്കാർ മാത്രമാണെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. കെട്ടിടത്തിനുചുറ്റും വേലികെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായെന്നാരോപിച്ച് ട്രംപ് അനുകൂലികൾ ജനുവരിയിൽ നടത്തിയ അക്രമത്തിൽ 600 ആളുകളുടെ പേരിലാണ് കേസെടുത്തത്.