ഫ്ളോറിഡ: സ്പേസ്എക്സിന്റെ ബഹിരാകാശ വിനോദസഞ്ചാരദൗത്യം ഇൻസ്‌പിറേഷൻ-4 വിജയകരമായി പൂർത്തിയായി. ബഹിരാകാശ വിദഗ്ധരില്ലാതെയുള്ള മൂന്നുദിവസത്തെ യാത്രയ്ക്കുശേഷം നാലംഗസംഘം ഭൂമിയിൽ തിരിച്ചെത്തി.

ഇന്ത്യൻസമയം പുലർച്ചെ 4.36-ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ക്രൂഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. യു.എസ്. സാമ്പത്തിക സേവനസ്ഥാപനമായ ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകൻ ജാരെഡ് ഐസാക്‌മാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഹാലി ആർസെനോക്സ്, സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണുണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാൽക്കൺ 9 റോക്കറ്റിൽ നാലംഗസംഘം ബഹിരാകാശത്തേക്ക് കുതിച്ചത്.

മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗത്തിൽ ദിവസവും 15 തവണയാണ് സംഘം ഭൂമിയെ ചുറ്റിയത്. യാത്രികരുടെ രക്തത്തിലെ ഓക്സിജൻ അളവ്, ഉറക്കം, മറ്റു ശാരീരിക മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ ശേഖരിച്ചിട്ടുണ്ട്.

മറ്റു മൂന്നുപേരുടെയും ചെലവുവഹിച്ചത് ഐസാക്‌മാനാണ്. ഏകദേശം 1473 കോടിയോളം രൂപയാണ് (രണ്ടു കോടി യു.എസ്. ഡോളർ) ദൗത്യത്തിനായി ഐസാക്മാൻ മുടക്കിയത്. മൂന്നു ബിസിനസുകാരെ പങ്കെടുപ്പിച്ച് അടുത്തയാത്ര 2022 വർഷം ജനുവരിയിൽ നടത്താനാണ് സ്പേസ്എക്സ് ലക്ഷ്യമിടുന്നത്.