ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ തുടരുന്ന വർഗീയ അക്രമങ്ങളിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി ശൈഖ്‌ ഹസീന ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി അസാദുസ്സമാൻ ഖാന്, ഹസീന ഇതുസംബന്ധിച്ച് നിർദേശം നൽകി.

വസ്തുതകൾ പരിശോധിക്കാതെ, സാമൂഹികമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനംചെയ്തതായി കാബിനറ്റ് സെക്രട്ടറി ഖാൻദ്കർ അൻവറുൾ ഇസ്‌ലാം അറിയിച്ചു.

ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബുധനാഴ്ച കുമില്ല പട്ടണത്തിലെ ക്ഷേത്രത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. അക്രമികൾ ഞായറാഴ്ച 66 വീടുകൾ തകർക്കുകയും ഇരുപതോളം വീടുകൾക്ക് തീവെക്കുകയുംചെയ്തു. ഇതുവരെ സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.

സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാജ്യമെമ്പാടും സമാധാനറാലികൾ സംഘടിപ്പിച്ചു. വർഗീയസംഘർഷങ്ങൾക്കുനേരെ പ്രതിരോധം തീർക്കാർ പാർട്ടി അംഗങ്ങളോട് അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖ്വാദർ ആഹ്വാനം ചെയ്തു.