ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം (ഒബ്‌സർവേഷൻ വീൽ) ഐൻ ദുബായ് വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിലെ 250 മീറ്റർ ഉയരമുള്ള ചക്രം ലാസ് വേഗാസ് ഹൈ റോളറിനെ പിന്നിലാക്കിയാണ് റെക്കോഡിലേക്ക് കറങ്ങാനൊരുങ്ങുന്നത്. ഹൈ റോളറിനെക്കാൾ 82 മീറ്ററും യു.കെ.യിലെ ലണ്ടൻ ഐ.യെക്കാൾ 115 മീറ്ററും ഉയരക്കൂടുതലുണ്ട് ഐൻ ദുബായിക്ക്. ദുബായുടെയും കടലിന്റെയും മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായുടെ ഉദ്ഘാടനത്തോട നുബന്ധിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും. ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകുമെന്ന് ജനറൽ മാനേജർ റോണാൾഡ് ഡ്രേക് പറഞ്ഞു. ഐൻ ദുബായ് പ്ലാസയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാപരിപാടികൾക്ക് തുടക്കമാവും. പ്ലാസയിൽ പ്രവേശനം സൗജന്യമായിരിക്കും.

നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് സൂര്യാസ്തമയം കാണാൻ 38 മിനിറ്റ് ഐൻ ദുബായ് ക്യാബിനിൽ കയറാം. ദുബായുടെ കണ്ണ് എന്നർഥം വരുന്ന ഐൻ ദുബായിൽ ഒരേ സമയം 1750 പേർക്ക് കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ കാബിനാണ് ഉള്ളത്. സാധാരണ ടിക്കറ്റിന് 130 ദിർഹമാണ്. മൂന്നിനും 12-നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 100 ദിർഹമാണ് ഫീസ്. രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസ് 370 ദിർഹം, ഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. വിവരങ്ങൾക്ക് aindubai.com.