ലണ്ടൻ: ഭൂമിയുടെ അയൽഗ്രഹമായ ശുക്രനിൽ വലിയ സമുദ്രങ്ങളുണ്ടായിരുന്നെന്നും ശതകോടിയോളം വർഷങ്ങൾ ജീവനുണ്ടായിരുന്നെന്നും കരുതുന്നവരുണ്ട്. എന്നാൽ, ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രനിൽ വലിയ സമുദ്രങ്ങളോ ജീവന്റെ തുടിപ്പുകളോ ഉണ്ടായിട്ടില്ലെന്നാണ് പുതിയ പഠനം അനുമാനിക്കുന്നത്.

ശുക്രനിലെ കാലാവസ്ഥ അന്തരീക്ഷത്തിൽ ജലബാഷ്പം ഘനീഭവിക്കാൻ ഉതകുന്നതല്ലെന്ന് പഠനത്തിന് നേതൃത്വംനൽകിയ ജനീവ സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞൻ മാർട്ടിൻ ടർബെറ്റ് പറഞ്ഞു.

ഭൂമിയെക്കാൾ സൂര്യനോട് അടുത്തുനിൽക്കുന്ന ശുക്രനിലെ ചൂട് അന്തരീക്ഷത്തിലെ ജലാംശം മഴത്തുള്ളികളായി മാറാനാവശ്യമായ തോതിലേക്ക് താഴാത്തതാണ് കാരണം. വാതകരൂപത്തിലാണ് ജലാംശം അന്തരീക്ഷത്തിൽ നിലനിൽക്കുന്നതും. അതുകൊണ്ടുതന്നെ ഇതുവരെ മഴപെയ്യുകയോ സമുദ്രങ്ങളുണ്ടാവുകയോ ചെയ്തിട്ടുണ്ടാവില്ലെന്നും സംഘം പറയുന്നു.

ജനീവ സർവകലാശാലയിലെയും സ്വിറ്റ്സർലൻഡിലെ നാഷണൽ സെന്റർ ഓഫ് കോംപീറ്റൻസ് ഇൻ റിസർച്ച് (എൻ.സി.സി.ആർ.) പ്ലാനെറ്റ്സിലെയും ഗവേഷകർ നടത്തിയ പഠനറിപ്പോർട്ട് നാച്വർ ജേണലിൽ പ്രസിദ്ധീകരിച്ചു.